11 March 2013

എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്ന് തുടക്കം.

ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്ന് തുടക്കമാകും. എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ഈ വര്‍ഷം 422 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്.
ഉച്ചക്ക് ശേഷം നടക്കുന്ന പരീക്ഷ മാര്‍ച്ച് 23ന് അവസാനിക്കും.
മലയാളം ഒന്നാം പേപ്പറോടെയാണ് തുടക്കം. മുന്‍വര്‍ഷങ്ങളിലെപ്പോലെ വെള്ളിയാഴ്ചകളില്‍ പരീക്ഷ ഉണ്ടാകില്ല. ശനിയാഴ്ചകളില്‍ പരീക്ഷയുണ്ട്.

ബാങ്കുകളിലെയും ട്രഷറികളിലെയും ലോക്കറുകളില്‍ സൂക്ഷിച്ചരിക്കുന്ന ചോദ്യപേപ്പറുകള്‍ പരീക്ഷാദിവസം രാവിലെ പരീക്ഷാ സെന്‍ററുകളിലെത്തിക്കും.

ഇംഗ്ളീഷ്, സോഷ്യല്‍ സയന്‍സ്, മാത്സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂറും ഐ.ടിക്ക് ഒരു മണിക്കൂറും മറ്റ് വിഷയങ്ങള്‍ക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷ.
ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ പരീക്ഷാര്‍ത്ഥികളുടെ മുമ്പില്‍ വെച്ചാണ് പൊട്ടിക്കുന്നത്. പൊട്ടിക്കുന്നതിനു മുമ്പായി ആ മുറിയിലെ ഇന്‍വിജിലേറ്ററും രണ്ടു കുട്ടികളും പാക്കറ്റ് പൊട്ടിയിട്ടില്ലെന്ന് ഉറപ്പാക്കും.

എസ്.എസ്.എല്‍.സി പരീക്ഷ ഹാളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ല. പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലേബലില്ലാത്ത കുപ്പിയില്‍ കുടിവെള്ളം പരീക്ഷാ ഹാളില്‍ കൊണ്ടുവരാം.

ഉത്തരക്കടലാസിന്റെ മെയിന്‍ ഷീറ്റുകളിലും അഡീഷണല്‍ ഷീറ്റുകളിലും പരീക്ഷാര്‍ത്ഥികള്‍ റജിസ്റ്റര്‍ നമ്പര്‍ എഴുതണം. കൂള്‍ ഓഫ് ടൈം കഴിഞ്ഞ് രണ്ടു മണിക്ക് കൂട്ടമണി അടിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിത്തുടങ്ങേണ്ടത്. ഇതിനായുളള നിര്‍ദേശം ഇന്‍വിജിലേറ്റര്‍മാര്‍ ഓരോ ക്ലാസിലും നല്‍കും. പരീക്ഷാ സമയം തീര്‍ന്നെന്നറിയിക്കുന്ന അവസാനത്തെ ലോംഗ് ബെല്‍ വരെ കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍ അനുവാദമുണ്ട്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തിലെ റഗുലര്‍ ഐ.ടി. തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇതിനോടകം പൂര്‍ത്തിയായിരുന്നു.
ഏപ്രില്‍ ഒന്നുമുതല്‍ 15 വരെയാണ് മൂല്യനിര്‍ണയം. ഗ്രേസ് മാര്‍ക്ക് ഇക്കുറി ഓണ്‍ലൈനായാണ് ശേഖരിക്കുന്നത്. ഏപ്രില്‍ അവസാനം ഫലം പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

സേ പരീക്ഷക്കും പരീക്ഷാ പേപ്പര്‍ പുനര്‍മൂല്യനിര്‍ണയത്തിനും സ്‌ക്രൂട്ട്‌നിക്കും ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്കും ഫലം പ്രഖ്യാപിച്ച് 5 ദിവസത്തിനുളളില്‍ അപേക്ഷിക്കാവുന്നതാണ്. ഇത് സംബന്ധിച്ചുളള വിശദമായ നിര്‍ദേശങ്ങള്‍ ഫലപ്രഖ്യാപന സമയത്ത് നല്‍കും.

വിദ്യാര്‍ത്ഥികള്‍ അറിയാന്‍
  • ദിവസവും ഉച്ചയ്ക്ക് 1.45 ന് പരീക്ഷ തുടങ്ങും.
  • കൂള്‍ ഓഫ് ടൈം കഴിഞ്ഞ് രണ്ടു മണിക്ക് കൂട്ടമണി അടിക്കുമ്പോള്‍ പരീക്ഷ എഴുതിത്തുടങ്ങാം.
  • അവസാനത്തെ ലോങ് ബെല്‍ വരെ ഉത്തരമെഴുതാം.
  • ഉത്തരക്കടലാസിന്റെ മെയിന്‍ ഷീറ്റുകളിലും അഡീഷണല്‍ ഷീറ്റുകളിലും രജിസ്റ്റര്‍ നമ്പര്‍ എഴുതണം.
  • അധ്യാപകരോ കുട്ടികളോ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ല.
  • ലേബലില്ലാത്ത കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാം.

0 comments:

Post a Comment